ബി. സരോജ ദേവി വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വെള്ളിത്തിരയിലെ അഭ്രകാവ്യയുഗം. ദക്ഷിണേന്ത്യന്‍ സിനിമകളുടെ സുവര്‍ണ കാലഘട്ടത്തെ രൂപപ്പെടുത്തിയ മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ആ മഹാനടി 87ാം വയസിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
ചലച്ചിത്രലോകത്തെ കനകതാരമായിരുന്ന സരോജാ ദേവി സൗന്ദര്യകൊണ്ടും അഭിനയമികവുകൊണ്ടും എന്നും വ്യത്യസ്തയായിരുന്നു. വിവിധ ഭാഷകളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച അപൂര്‍വം നടിമാരില്‍ ഒരാള്‍. സംവിധായകര്‍ പോലും ബഹുമാനിച്ച അതുല്യനടി!
നാലു പതിറ്റാണ്ടിലേറെ നീണ്ട സമൃദ്ധമായ കരിയറില്‍, സരോജ ദേവി തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യയിലെ കുടുംബപ്രേക്ഷകര്‍ അവരെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു.
പ്രാദേശിക സിനിമയുടെയും അവിഭാജ്യഘടകമായി മാറുകയും പിന്നീട് പാന്‍-ഇന്ത്യന്‍ താരമായി മാറുകയും ചെയ്ത അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു അവര്‍.
എംജിആറിനൊപ്പം 26 ചിത്രങ്ങൾ
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം സരോജ ദേവി വെള്ളിത്തിര പങ്കുവച്ചിട്ടുണ്ട്. തലൈവര്‍ എംജിആറിനൊപ്പം 26 ചിത്രങ്ങളിലാണ് അവര്‍ വേഷമിട്ടത്. ബോക്സ് ഓഫീസുകളെ കീഴടക്കിയ ചിത്രങ്ങളായിരുന്നു അവയെല്ലാം.
ശിവാജി ഗണേശനൊപ്പം 22 ചിത്രങ്ങളിലും ജെമിനി ഗണേശനൊപ്പം 17 ചിത്രങ്ങളിലും സരോജ അഭിനയിച്ചു. ഇവരുമായുള്ള സരോജയുടെ ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി തമിഴകത്തിന് അവിസ്മരണീയമായ ഹിറ്റുകളാണു സമ്മാനിച്ചത്.
എംജിആറിനൊപ്പം നാടോടി മന്നന് (1958), തായ് സൊല്ലൈ തട്ടാതെ (1961), പടഗോട്ടി (1964) തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്രലോകത്തെ വിജയ ജോഡികളായി മാറി. ശിവാജി ഗണേശനൊപ്പം അഭിനയിച്ച തങ്കമലൈ രഗസിയം (1957), പാര്‍ത്താല്‍ പസി തീരം (1962), ആലയമണി (1962) എന്നീ ചിത്രങ്ങള്‍ തമിഴ്മനസ് ഇന്നും ആഘോഷിക്കുന്ന ചിത്രങ്ങളാണ്.
കന്നഡയിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍
കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹയായ അഭിനേത്രികൂടിയാണ് സരോജ ദേവി. 1961ല്‍ സീതാരാമ കല്യാണം എന്ന സിനിമയില്‍ എന്‍.ടി. രാമറാവുവിനൊപ്പവും കന്നഡ ക്ലാസിക് ചിത്രമായ മത്യാസന്‍ പാവടയില്‍ ഡോ. രാജ്കുമാറിനൊപ്പവും അവര്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടി. ആ നാട്യവിസ്മയത്തില് കന്നഡമണ്ണ് അവരെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവച്ചു.
പതിനേഴാം വയസില്‍ മഹാകവി കാളിദാസ (1955) എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു സരോജയുടെ അരങ്ങേറ്റം. അവരുടെ ഉപമിക്കാനാകാത്ത അഭിനയശൈലിയിലൂടെ കന്നഡ ചലച്ചിത്രമേഖലയില്‍ അവര്‍ ഒരു മുന്‍നിര താരം മാത്രമല്ല, അക്കാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി കൂടിയായി മാറി.
അവരുടെ ഡേറ്റിനുവേണ്ടി നിര്‍മാതാക്കളും സംവിധായകരും ഒരുകാലത്ത് അവരുടെ വീട്ടുപടിക്കല്‍ കാത്തുനിന്നു!
അഭിനയദേവത
"അഭിനയ സരസ്വതി' അഥവാ അഭിനയത്തിന്റെ ദേവത എന്നും "കന്നഡത്തു പൈങ്കിളി' അഥവാ കന്നഡയിലെ തത്ത എന്നും അറിയപ്പെടുന്ന സരോജ ദേവിയുടെ കഥാപാത്രങ്ങള്‍ കേവലം ചായം തേച്ച ബിംബങ്ങള്‍ക്ക് അപ്പുറമായിരുന്നു. വെള്ളിത്തിരയെ കാവ്യാത്മകമാക്കിയ അപൂര്‍വം നടിമാരിലൊരാളായിരുന്നു അവര്‍.
അവര്‍ക്കൊപ്പം സ്ക്രീന്‍ പങ്കിടുന്ന താരങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ അവര്‍ നടനകലയുടെ സര്‍വവിജ്ഞാനകോശമായിരുന്നു. പത്മ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ആ മഹാനടിയെത്തേടി എത്തിയിട്ടുണ്ട്.
സരോജ ദേവിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണു മറയുന്നത്. പുരുഷന്മാര് ആധിപത്യം പുലര്‍ത്തിയിരുന്ന കാലഘട്ടത്തില്‍ താരപദവിയെ പുനര്‍നിര്‍വചിച്ച കരുത്തുറ്റ വനിതാരത്നമായിരുന്നു ബി. സരോജ ദേവി!